*Higher Secondary Examination - 1/3/2024 to 26/3/2024*

1 January 2021

സ്കൂൾ തുറന്നു

കോവിഡ് വ്യാപനത്തെത്തുടർന്ന് ഒമ്പത് മാസങ്ങൾക്കുശേഷം പുതുവർഷത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ തുറന്നു. രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു ബാച്ചുകളായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്കൂൾ പ്രവർത്തിക്കുക. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് ആരംഭിച്ചത്. ഓൺലൈനിൽ പഠിപ്പിച്ച കാര്യങ്ങളുടെ സംശയനിവാരണങ്ങളും റിവിഷനുകളുമാണ് ക്ലാസുകളിൽ ചെയ്യുന്നത്. സ്കൂളുകളിൽ അധ്യാപകരും പി.ടി.എ. ഭാരവാഹികളും അണുനശീകരണം നടത്തുകയും സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു. സ്കൂൾ തുറക്കുന്നതിന് മുൻപ് അഞ്ച് ദിവസങ്ങളിലായി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ സ്കൂളും പരിസരവും ശുചീകരിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം പ്രിൻസിപ്പൽ കെ.പി ദാമോദരൻ, ഹെഡ്മാസ്റ്റർ കെ.കെ ലതീഷ്, പി.ടി.എ പ്രസിഡന്റ് വി അൻവർ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് സെല്ലും രൂപവത്കരിച്ചു. കോവിഡ് ലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കാൻ സിക്ക് റൂം, പ്രഥമശുശ്രൂഷാ കിറ്റ് എന്നിവയും ഒരുക്കി. സ്കൂളിൽ എത്താൻ കഴിയാത്ത കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങൾ വഴി ക്ലാസുകൾ നൽകും. വിദ്യാർഥികളുടെ ശരീരതാപനില പരിശോധന മുതൽ കോവിഡ് പ്രതിരോധമാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു ഇവരെ സ്കൂളുകളിൽ പ്രവേശിപ്പിച്ചത്. കോവിഡ് വ്യാപനഭീതി പൂർണമായി ഒഴിഞ്ഞിട്ടില്ലെങ്കിലും സുരക്ഷാ മുൻകരുതലുകളിലൂടെ മഹാമാരിയെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും. ആദ്യദിവസം പഠനത്തിനു പകരം കുട്ടികൾക്ക് ആത്മവിശ്വാസം പകരുകയും ബാക്കിയുള്ള പഠനം, റിവിഷൻ, പരീക്ഷ എന്നിവയെക്കുറിച്ച് മാർഗനിർദേശം നൽകുകയും ചെയ്തു.